Join Whatsapp Group. Join now!

കലോത്സവ നടത്തിപ്പിന് ഇരിയണ്ണിക്കാര്‍ക്ക് നൂറുമാര്‍ക്ക്, വിധികർത്താക്കൾക്കെതിരെ വ്യാപക വിമര്‍ശനം

60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണിയിലെത്തിയപ്പോള്‍, അതിത്ര ഭംഗിയായി ഈ ഗ്രാമീണര്‍ സംഘടിപ്പിക്കുമെന്ന്് ആരും Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) 60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണിയിലെത്തിയപ്പോള്‍, അതിത്ര ഭംഗിയായി ഈ ഗ്രാമീണര്‍ സംഘടിപ്പിക്കുമെന്ന്് ആരും കരുതിക്കാണില്ല. ആദ്യമായി തങ്ങളുടെ നാട്ടിലെത്തിയ ജില്ലാ കലോത്സവം പരാതികള്‍ക്കിടയില്ലാതെ പരമാവധി മികച്ച രീതിയില്‍ നടത്താന്‍ ഇരിയണ്ണിക്കാര്‍ക്ക് സാധിച്ചു. ആയിരങ്ങള്‍ സംഗമിച്ച കലോത്സവത്തില്‍ സൗകര്യക്കുറവുണ്ടെന്ന പരാതിയും ആര്‍ക്കുമുണ്ടായില്ല. എല്ലാ മേഖലയിലും ഒന്നിനൊന്ന് മികച്ച സംഘാടനമികവായിരുന്നു ഈ ഗ്രാമീണര്‍ കാഴ്ച വെച്ചത്.

ജില്ലാ സ്‌കൂള്‍ കലോത്സവം ഗംഭീര വിജയമാക്കാന്‍ നാട്ടുകാരും ക്ലബ് പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരും പൂര്‍വവിദ്യാര്‍ത്ഥികളുമെല്ലാം രണ്ടാഴ്ചയിലധികമായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. കലോത്സവം ഇരിയണ്ണിയിലാണെന്ന് നിശ്ചയിച്ച ദിവസം മുതല്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രധാന കവാടവും അലങ്കാരവിതാനവും ഹൈമാസ് ലൈറ്റും ഇരിപ്പിടവും ശുചീകരണവും എല്ലാം തോളോട് തോള്‍ ചേര്‍ന്നാണ് ഇരിയണ്ണിക്കാര്‍ നടപ്പിലാക്കിയത്. കലവറ നിറയ്ക്കല്‍ ഘോഷയാത്ര നാടിന്റെ ഉത്സവമാക്കി മാറ്റിയാണ് കലോത്സവം തുടങ്ങുന്നതിന് മുമ്പെ നാട്ടുകാര്‍ ശ്രദ്ധേയമായത്.

12 വേദികളിലായി നടന്ന 317 ഇനങ്ങളില്‍ 6,000 ത്തിലേറെ മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ച്ചത്. കൂടാതെ വകുപ്പ് അധികൃതരും മാധ്യമപ്രവര്‍ത്തകരും കാണികളുമായി നിരവധി പേര്‍. എല്ലാവരെയും യാതൊരു കല്ലുകടികള്‍ക്കും ഇടവരുത്താതെ ഇരിയണ്ണി നാട് ഉള്‍ക്കൊണ്ടത് നാട്ടുകാരുടെ സംഘാടകമികവ് ഒന്നുകൊണ്ടുമാത്രമാണ്. അലങ്കാരം, പ്രചരണം, ഭക്ഷണം, സ്റ്റേജ് ഒരുക്കല്‍ തുടങ്ങി സര്‍വ മേഖലകളിലും നാട്ടുകാരുടെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടായിരുന്നു. കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും വിപുലമായ രീതിയില്‍ ഭക്ഷണ സൗകര്യം ഒരുക്കാന്‍ ഭക്ഷണ കമ്മിറ്റിക്ക് സാധിച്ചു. കൂപ്പണില്ലാതെ കലോത്സവനഗരിയിലെത്തുന്ന എല്ലാവരെയും ആതിഥ്യമര്യാദയോടെ സ്വീകരിച്ചു. ക്ഷേമകാര്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാമേളയുമായി ബന്ധപ്പെട്ട് മികച്ച ശൗചാലയങ്ങള്‍ ഒരുക്കിയിരുന്നു. ആരോഗ്യം മുന്‍നിര്‍ത്തി കലോത്സവ നഗരിയില്‍ ഐസ്‌ക്രീം വില്പന നിരോധിച്ചിരുന്നു.

പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലാമേള നടന്നത്. വിപുലമായ കുടിവെള്ള സൗകര്യം ഒരുക്കിയതിനാല്‍, പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ ഓല കൊണ്ടുള്ള കൂട്ടകലായിരുന്നു ഒരുക്കിയത്. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ബദലായി തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും വിത്ത് പേനകളുമെല്ലാം ഒരുക്കി. വേണമെങ്കില്‍ എത്ര വലിയ പരിപാടിയും പൂര്‍ണമായും മാലിന്യരഹിതമായി സംഘടിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഗ്രാമീണര്‍. സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് പ്രോഗ്രാം കമ്മറ്റിക്ക് ആവശ്യമായ പേപ്പര്‍ പേനകള്‍ തയ്യാറാക്കിയത്. കലോത്സവ നാഗരിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അക്കൊമൊഡേഷന്‍ കമ്മറ്റി മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കിയിരുന്നു. കലോത്സവ നഗരിയിലേക്ക് രാത്രികാലങ്ങളിലടക്കം ഗതാഗത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗതാഗത സൗകര്യവുമൊരുക്കിയിരുന്നു.

വാഹനപാര്‍ക്കിംഗ് മുതല്‍ ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ വരെ നാട്ടുകാരുടെ കൂട്ടായ്മയും ഏകോപനവും പ്രതിഫലിച്ചിരുന്നു. കലോത്സവത്തിനായി നിരവധി വാഹനങ്ങളാണ് മൂന്ന് ദിനങ്ങളിലായി ഇരിയണ്ണിയിലെത്തിയത്. ഇവ ക്രമീകരിച്ച് നിര്‍ത്തിയിടാനും, പാചകത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ജലമെത്തിക്കാനും എല്ലാം പ്രത്യേകസംഘങ്ങള്‍ സജ്ജമായിരുന്നു. എസ്പിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍എസ്എസ് അംഗങ്ങള്‍ സദാസമയം ആളുകള്‍ക്ക് കുടിവെള്ളം എത്തിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും മറ്റും ചായ എത്തിക്കാനുമെല്ലാം സജീവമായിരുന്നു.

പ്രധാനവേദിക്കരികെ ഒരുക്കിയ ഭക്ഷണപ്പുരയില്‍ വിയര്‍പ്പൊഴുക്കുന്നതും നൂറുകണക്കിന് നാട്ടുകാര്‍. ഭക്ഷണ അവശിഷ്ടങ്ങളോ മാലിന്യമോ മൈതാനത്ത് ബാക്കിയാകാതിരിക്കാന്‍ ഇടവിട്ട് ശുചീകരണവും നടത്തി. നാടകമത്സരങ്ങളും രാഷ്ട്രീയസമ്മേളനങ്ങളും മറ്റും നടത്തിയ പരിചയമാണ് കുറ്റമറ്റ നിലയില്‍ കലോത്സവം സംഘടിപ്പിക്കാന്‍ ഈ ഗ്രാമീണരെ പ്രാപ്തരാക്കിയതെന്നാണ് വിലയിരുത്തല്‍.

സംഘാടകമികവിന് ഇരിയണ്ണിക്കാര്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാമെങ്കിലും മത്സരങ്ങള്‍ക്കിടെ വിധികര്‍ത്താക്കള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നത് കലാമാമാങ്കത്തിന്റെ പ്രഭ കെടുത്തി. പല വേദികളില്‍ നിന്നും നിരവധി പരാതികളാണ് വിധികര്‍ത്താക്കള്‍ക്കെതിരെ ഉയര്‍ന്നത്. വിജിലന്‍സില്‍ പരാതി നല്‍കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എങ്കിലും പ്രശ്‌നങ്ങളില്‍ സംയമനത്തോടെ ഇടപെടാന്‍ സംഘാടകര്‍ ശ്രമിച്ചതിനാല്‍ കയ്യാങ്കളിയൊന്നുമില്ലാതെ കലോത്സവം അവസാനിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment