Join Whatsapp Group. Join now!

രാജ്യപുരോഗതിയുടെ അടിസ്ഥാനം സാമ്പത്തിക പരിഷ്‌കരണം: പ്രൊഫ. ഡോ. ജി ഗോപകുമാര്‍

വ്യാപാര സംരക്ഷണ നയത്തില്‍ നിന്നും ഉദാരവല്‍ക്കരണത്തിലൂടെ സാമ്പത്തിക പരിഷ്‌കരണം സാധ്യമാക്കിയതാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് Kerala, News, Central University, Conference, Vice Chancellor, Dr. G Gopakumar
കാസര്‍കോട്: (my.kasargodvartha.com 01.03.2018) വ്യാപാര സംരക്ഷണ നയത്തില്‍ നിന്നും ഉദാരവല്‍ക്കരണത്തിലൂടെ സാമ്പത്തിക പരിഷ്‌കരണം സാധ്യമാക്കിയതാണ് ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. സര്‍വകലശാല സാമ്പത്തിക ശാസ്ത്ര വിഭാഗം 'ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ 25 വര്‍ഷം; എന്തു നേടി ? ഇനിയെന്ത് ?' എന്നപേരില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാര്‍ഷിക മേഖലയിലെ കുറഞ്ഞ ഉല്‍പാദന ക്ഷമതയും അമിത തൊഴില്‍ ആശ്രിതത്വവും അനിയന്ത്രിതമായ സാമ്പത്തിക അസമത്വവും ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണെന്നും ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയായിട്ടുപോലും പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ശാസ്ത്ര വിഭാഗം ഡീന്‍ ഡോ. പി അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം സെക്രട്ടറി ഡോ. ടി ജെ ജോസഫ് ആമുഖഭാഷണം നിര്‍വഹിച്ചു. രാജ്യത്തിനകത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളുമടങ്ങുന്നവരാണ് സമ്മേളന പ്രതിനിധികളെന്നും നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് അനുബന്ധ ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

തുടര്‍ന്നു നടന്ന ആദ്യ പ്ലീനറി സെഷനില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മന്റ് സ്റ്റഡീസ് ഡയറക്റ്റര്‍ പ്രൊഫ. ഡോ. സുനില്‍ മാണി 'നൂതനസാമ്പത്തിക രീതിയിലേക്ക് നീങ്ങുന്ന ദേശീയ സമ്പദ്ഘടനയും സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഘാതവും' എന്നവിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ബഹിരാകാശ പര്യവേക്ഷണ മേഖലയിലും വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയിലും ഇതര ശാസ്ത്രീയ മേഖലകളിലും ഗവേഷണം നടത്തുന്നതില്‍ വികസിത രാഷ്ട്രങ്ങളോടൊപ്പമെത്താന്‍ നമുക്ക് സാധിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. എന്നിരുന്നാലും രാജ്യത്തു നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിക്ക് ഉപകാരപ്രദമല്ലയെന്നും ബഹുരാഷ്ട്രകുത്തക കമ്പനികളുടെ പുറം കരാര്‍ ജോലി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത രാജ്യങ്ങളിലേത് പോലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഗവേഷണ നിക്ഷേപങ്ങള്‍ സാധ്യമാകിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാമത് പ്ലീനറിസെഷനില്‍ മുംബൈ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഡവലപ്മന്റ് റിസേര്‍ച്ച് പ്രൊഫ. ഡോ. എം എച്ച് സൂര്യനാരായണ 'ഇന്ത്യയില്‍ സാമ്പത്തിക പരിവര്‍ത്തനം സാധ്യമായോ ?; ഒരു നയ രൂപീകരണ പരിപ്രേക്ഷ്യം' എന്നവിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഗവേഷണ വിവരങ്ങള്‍ സൂക്ഷിക്കുവാനും കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്താനും ആവശ്യാനുസരണം നയരൂപീകരണത്തിനുപയോഗിക്കുവാനും വ്യവസ്ഥാപിത സംവിധാനം നമ്മുടെ രാജ്യത്ത് നിലവിലില്ലായെന്നത് രാജ്യം നേരിടുന്ന ഒരു പ്രശ്‌നമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാഭ്യാസ വിഭാഗം ഡീന്‍ പ്രൊഫസര്‍ ഡോ. കെ പി സുരേഷ്, ഭാഷാ - താരതമ്യ സാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ ഡോ. അജിത്കുമാര്‍ എന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി പ്രൊഫ ഡോ. കെ സി ബൈജു സ്വാഗതവും കോണ്‍ഫറന്‍സ്‌കണ്‍വീനര്‍ ഡോ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Central University, Conference, Vice Chancellor, Dr. G Gopakumar.

Post a Comment