Join Whatsapp Group. Join now!

അവകാശങ്ങള്‍ നേടാന്‍ ആദിവാസി സമൂഹം തെരുവിലിറങ്ങേണ്ടിവരുന്നു: കൃപാ പ്രസാദ് സിംഗ്

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ആദിവാസി സമൂഹം തെരുവിലിറങ്ങേണ്ടി വരുന്നെന്ന് അഖില ഭാരതീയ വനവാസി കല്യാണശ്രമംKerala, News, Kripa Prasad Singh about Kerala tribal
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.11.2017) ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ആദിവാസി സമൂഹം തെരുവിലിറങ്ങേണ്ടി വരുന്നെന്ന് അഖില ഭാരതീയ വനവാസി കല്യാണശ്രമം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കൃപാ പ്രസാദ് സിംഗ് പറഞ്ഞു. കേരള വനവാസി വികാസ കേന്ദ്രം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ അത്യന്താപേക്ഷിതമായി വെള്ളം, വെളിച്ചം, പാര്‍പ്പിടം, താമസിക്കാനിടം എന്നിവ ചെയ്തു കൊടുക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആദിവാസി സമൂഹത്തെ രണ്ടാംകിട സമൂഹമായി കാണുന്നു. കേളത്തില്‍ ഗോത്രവര്‍ഗക്കാരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ച് സ്പര്‍ദ്ദയുണ്ടാക്കി രാഷ്ട്രീയക്കാര്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഉന്നതിയിലെത്തിക്കാനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണ്. രാജ്യത്തെ 382 ജില്ലകളില്‍ വനവാസി സമൂഹത്തിന്റെ ഉമനത്തിനായി അഖിലഭാരതീയ വനവാസി വികാസകേന്ദ്രത്തിന്റെ സമിതികള്‍ പ്രവര്‍ത്തിക്കുന്നുതായി അദ്ദേഹം പറഞ്ഞു.

കെ. ഉമേഷ് കാമത്ത് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടന സെക്രട്ടറി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, സഞ് ജീവന്‍ പുളിക്കൂര്‍, ദളിത് മഹാസഭാ സംസ്ഥാന പ്രസിഡന്റ് പി.കെ. രാമന്‍, കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രഗല്‍ബ് പ്രമുഖ് പി. കൃഷ്ണന്‍ ഏച്ചിക്കാനം, ജില്ലാ മഹിളാ പ്രമുഖ് എച്ച്. ഭാര്‍ഗവി, ക്ഷേത്രീയ സംഘടന സെക്രട്ടറി എസ്.എസ്. രാജ്, സംസ്ഥാന സെക്രട്ടറി പി. കുമാരന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ ആര്‍കിടെക്റ്റ് സ്വാഗതവും ജില്ലാ സെക്രട്ടറി മുകുന്ദന്‍ കാരക്കോട് നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയും വനവാസി വിഭാഗത്തില്‍ നിന്നുള്ള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തില്‍ കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. പൈതല്‍ ആദരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

കമ്മ്യൂണിസ്റ്റുകാര്‍ കൊട്ടിഘോഷിക്കുന്ന കേരളമോഡലിന്റെ ഇരകള്‍ വനവാസിസമൂഹമാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഭൂപരിഷ്‌ക്കരണം വിജയിച്ചിരുന്നുവെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ മാസങ്ങളോളം നില്‍പ്പ് സമരം നടത്തേണ്ട ഗതികേട് വനവാസികള്‍ക്കുണ്ടാകുമായിരുന്നില്ല. ആദിമ ജനതയെന്ന് വിളിച്ച് വനവാസികളെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്താനാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മതസംഘടനകളും ശ്രമിച്ചുവരുന്നത്. തോമസ് ചാണ്ടിമാര്‍ക്ക് ഭൂമി വിട്ടുകൊടുക്കുന്ന സര്‍ക്കാര്‍ തലചായ്ക്കാനായി ഒരു തുണ്ട് ഭൂമിക്കായി കേഴുന്ന വനവാസി സമൂഹത്തിനു നേരെ കണ്ണടയ്ക്കുകയാണ്. വനവാസി സമൂഹത്തിനു ഭൂമി ലഭിച്ചാല്‍ അവര്‍ കൃഷി ചെയ്യുകയും അതിലൂടെ ജീവിത നിലവാരം ഉയരുകയും ചെയ്യുമെന്നും അതോടെ അവരെ ചൂഷണം ചെയ്യുവാന്‍ സാധിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അയ്യങ്കാളിയെയും കെ. കേളപ്പനെയും അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ല. വേദങ്ങളെയും ഉപനിഷത്തുക്കളെയും ഭഗവദ് ഗീതയെയും സവര്‍ണ്ണസാഹിത്യമെന്നും പറഞ്ഞ് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. വാസ്തവത്തില്‍ പിന്നോക്ക വിഭാഗമെന്ന് വിളിക്കപ്പെടുന്ന സമുദായങ്ങളില്‍ നിന്നുള്ളവരാണ് മഹാഭാരതവും വേദങ്ങളും ഭഗവദ്ഗീതയും ഒക്കെ മനുഷ്യ കുലത്തിനു സംഭാവന ചെയ്തത്.

അതുകൊണ്ടു തന്നെ ഭാരതത്തിലുള്ളത് ദളിത് സാഹിത്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അവരുടെ സായുധ വിഭാഗമായ മാവോയിസ്റ്റുകളുടെയും പ്രവര്‍ത്തനഫലമായി ഭാരതത്തില്‍ ഒരു ഗ്രാമത്തിലും ഒരു ആദിവാസി ഊരിലും വികസനം എത്തിയിട്ടില്ല. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെയും വനവാസി കല്ല്യാണ ആശ്രമത്തിന്റെയും വനവാസി വികാസ കേന്ദ്രത്തിന്റെയും പരിശ്രമഫലമായി ജീവിതനിലവാരം ഉയര്‍ന്ന നൂറുകണക്കിനു വനവാസി കോളനികള്‍ ഭാരതത്തിലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.


Post a Comment